Wednesday, April 17, 2013


നാടുണര്‍ത്താന്‍

ചെറുപൂരങ്ങളൊരുങ്ങി


പൂരത്തിന് കൊടിയേറിയതോടെ ചെറുപൂരങ്ങളൊരുക്കുന്ന ഘടകക്ഷേത്രങ്ങളിലും ആര്‍പ്പുവിളികളുയര്‍ന്നു കഴിഞ്ഞു. ജനസാഗരത്തെ ആവാഹിക്കാനും തട്ടകങ്ങളെ ഉത്സവത്തിമിര്‍പ്പിലേക്കത്തെിക്കാനുള്ള ഒരുക്കത്തിലാണ്  പനമുക്കംപിള്ളി ,പൂക്കാട്ടുകര കാരമുക്ക്,ലാലൂര്‍, ചൂരക്കോട്ടുകാവ്,അയ്യന്തോള്‍, നെയ്തിലക്കാവ്,ചെമ്പൂക്കാവ്, കണിമംഗലം ക്ഷേത്രങ്ങള്‍. ആറാട്ടും ശീവേലിയും, പറയെടുപ്പും ക്ഷേത്രങ്ങളിലെ കലാപരിപാടികളുമായി തിരക്കിലാണ് ക്ഷേത്രങ്ങളിലെ ആഘോഷകമ്മിറ്റികള്‍.

ശക്തന്‍െറ ‘ചെറുപൂര’ങ്ങള്‍
തൃശൂര്‍ പൂരത്തിന്‍െറ ചരിത്രത്തോടൊപ്പം തന്നെയാണ് ചെറുപൂരങ്ങളുടെയും സ്ഥാനം. ആറാട്ടുപുഴ ക്ഷേത്രോത്സവത്തില്‍ പങ്കെടുക്കാന്‍ കഴിയാതെ വന്ന ചെറുപൂരങ്ങളാണ് തൃശൂര്‍ പൂരത്തില്‍ പങ്കെടുത്തുവരുന്ന ഘടകപൂരങ്ങള്‍. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് വരുന്നതുവരെ നാടുവാഴികളുടെതോ ബ്രാഹ്മണരുടെതോ ഭരണത്തിന്‍ കീഴിലായിരുന്നു ഇവ. ശക്തന്‍ തമ്പുരാന്‍ തൃശൂര്‍ പൂരം ചിട്ടപ്പെടുത്തിയപ്പോഴുള്ള ഘടക പൂരങ്ങള്‍ ഇന്നും ആചാരങ്ങള്‍ തെല്ലും തെറ്റിക്കാതെ സജീവമാണ്. ഇന്ന് പനമുക്കംപിള്ളി, കണിമംഗലം ക്ഷേത്രങ്ങള്‍ നാട്ടുകാരുടെ ഭരണത്തിലും മറ്റുള്ളവ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്‍െറ കീഴിലുമാണ്.
1948 വരെ ചെമ്പൂക്കാവ് പൂരവും 1994 വരെ ലാലൂര്‍ പൂരവും കൂടുതല്‍ ആഘോഷമില്ലാതെ ഒരാനപ്പുറത്താണ് എളുന്നള്ളിച്ചിരുന്നത്. കാരമുക്ക്,കണിമംഗലം  പൂരങ്ങള്‍ക്ക് ഇന്നുള്ളതിനേക്കാള്‍ പ്രൗഡി അന്നുണ്ടായിരുന്നു.പിന്നീട് അറുപതുകളിലും എഴുപതുകളിലും ചെറുപൂരങ്ങള്‍ വെറും ചടങ്ങായി മാറി. 80 കളുടെ പകുതിയിലാണ് ചെറുപൂരങ്ങള്‍ വീണ്ടും സജീവമായത്. 1997 ല്‍ പുനരാരംഭിക്കും വരെ പനമുക്കംപിള്ളിപ്പൂരം വളരെക്കാലം പൂരത്തില്‍ പങ്കെടുത്തിരുന്നില്ല. ഇന്ന് ചെറുപൂരങ്ങളുടെ ഒന്നിച്ചായുള്ള പ്രവര്‍ത്തനത്തിന് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുണ്ട്.

നാടുണര്‍ത്തുന്ന ദേശദൈവങ്ങള്‍
പൂരലഹരിയിലേക്ക് നാടിനെ വിളിച്ചുണര്‍ത്തുന്നത് ദേശദൈവങ്ങളാണ്  ഘടകപൂരങ്ങള്‍. പുലര്‍ച്ചെ  ഘടകപൂരങ്ങളുടെ പുറപ്പാട് തുടങ്ങും.വാദ്യഘോഷങ്ങളോടെ നാടുണര്‍ത്തിയുള്ള എഴുന്നള്ളിപ്പ് രാവിലെ നഗരത്തിലത്തെും, ഒപ്പം ജനസാഗരവും. അതിരാവിലെ എഴുന്നള്ളുന്ന കണിമംഗലം ശാസ്താവാണ് പൂരദിവസം ആദ്യം വടക്കുന്നാഥനു മുമ്പിലത്തെുന്നത്. തെക്കേ ഗോപുരംവഴി കയറി ശാസ്താവ് പടിഞ്ഞാറെനട വഴിയിറങ്ങും. കാഴ്ചക്കാര്‍ക്ക് ദൃശ്യശ്രവ്യ വിരുന്നൊരുക്കിയാണ് ഘടകപൂരങ്ങള്‍ കൈലാസനാഥനെ വന്ദിക്കുക. രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയും രാത്രി 7.30 മുതല്‍ ഒരു മണി വരെയും ചെറുപൂരങ്ങള്‍ ഉണ്ടാകും.
സാധാരണ ദിവസങ്ങളില്‍ തുറന്നിടാത്ത വടക്കുന്നാഥക്ഷേത്രത്തിന്‍്റെ തെക്കേ ഗോപുരം പൂരത്തിന്‍്റെ ആവശ്യത്തിനു തുറക്കുന്നത് പൂരത്തിന്‍്റെ തലേ ദിവസത്തിനു മുന്‍പുള്ള ദിവസമാണ്. നൈതലക്കാവ് ഭഗവതിക്കാണ് ഇതിനുള്ള അവകാശം.

ജനപ്രിയതയുടെ തട്ടകപ്പെരുമ

ഉത്സാഹികളായ നാട്ടുകാരുടെ ആവേശമാണ് ചെറുപൂരങ്ങള്‍ തൃശൂര്‍ പൂരത്തിനത്തെിക്കുന്നത്. ക്ഷേത്ര സമീപമുള്ള പ്രദേശങ്ങളാണ് തട്ടകത്തില്‍പ്പെടുന്നത്. ചൂരക്കോട്ടുകാവ്,കാരമുക്ക്,ചെമ്പൂക്കാവ്,കണിമംഗലം,പനമുക്കംപിള്ളി  ക്ഷേത്രങ്ങള്‍ പാറമേക്കാവിനോടൊപ്പവും അയ്യന്തോള്‍,ലാലൂര്‍,നെയ്തിലക്കാവ് എന്നിവ തിരുവമ്പാടിയോടൊപ്പവുമാണ് ഉള്ളത്.
കാരമുക്ക് ക്ഷേത്രത്തിന് പണ്ട് വിപുല ക്ഷേത്രാതിര്‍ത്തി ഉണ്ടായിരുന്നു. ഇന്നതില്ല. താണിക്കുടം ക്ഷേത്രത്തിന്‍െറ തട്ടകത്താണ്  ചൂരക്കോട്ടുകാവ് ക്ഷേത്രം.അയ്യന്തോള്‍,പുല്ലഴി,ഒളരി പ്രദേശങ്ങളാണ്  അയ്യന്തോള്‍ ഭഗവതി ക്ഷേത്ര തട്ടകത്തിലുള്ളത്.കുറ്റൂര്‍ വില്ളേജും പരിസരപ്രദേശങ്ങളുമാണ് നെയ്തിലക്കാവ് തട്ടകത്തില്‍. അരനാട്ടുകര ദേശത്തെ ദേവിയാണ് ലാലൂര്‍ ഭഗവതി.ക്ഷേത്രത്തിന് സമീപത്തെ കുറച്ചു പ്രദേശങ്ങളാണ് കണിമംഗലം ക്ഷേത്ര തട്ടകത്തിലുള്ളത്.  ജനപ്രിയതയുടെ കാര്യത്തില്‍ ഒട്ടും പുറകിലല്ല ചെറുപൂരങ്ങള്‍.തട്ടകത്തുകാരെ നഗരത്തിലത്തെിക്കാനുള്ള വഴികൂടിയാണ് ഇവ. ഓരോ ഘടകപൂരത്തിനും അതിന്‍െറതായ പങ്കുണ്ട് . തെക്കേ ഗോപുര നട തുറക്കുന്നതുമുതല്‍ ആചാരപ്രധാനമാണ് ഓരോ ചടങ്ങുകളും. ഉച്ചക്ക് ഒന്നിന് മുമ്പേ തീരുന്ന ചെറുപൂരങ്ങളുടെ എഴുന്നള്ളിപ്പുകള്‍ രാത്രിയിലും തുടരും.

അയ്യന്തോള്‍ഭഗവതി

തിരുവമ്പാടിയും പാറമേക്കാവും കഴിഞ്ഞാല്‍ ഏറ്റവും വലിയ ഘടകപൂരമാണിത്. 13 ആനകള്‍.രണ്ടുനേരം പഞ്ചവാദ്യം.രണ്ടുനേരം മേളം. തിരിച്ച് ക്ഷേത്രത്തിലേക്ക്.നടുവില്‍ മഠത്തില്‍ ആറാട്ട്.
രാവിലെ അഞ്ച് മണിയോടെ മൂന്നാനയും നടപാണ്ടിയുമായാണ് പൂരനാളില്‍ എഴുന്നള്ളത്ത്..റെയില്‍വേ ഓവര്‍ബ്രിഡ്ജിനടുത്ത്വെച്ച് രണ്ട് ആനകൂടി ചേര്‍ന്നാല്‍ പഞ്ചവാദ്യം തുടങ്ങുന്നു.പത്ത് മണിയോടെ പാണ്ടിമേളം.നടുവിലാല്‍ വെച്ച്  ഏഴാന കൂടി ചേരുന്നു.13 ആനകളോടെ വടക്കുന്നാഥനിലേക്ക്.പൂരപ്പിറ്റേന്ന് ഉത്രംവിളക്കോരെ ആഘോഷം അവസാനിക്കുന്നു.

ലാലൂര്‍ ഭഗവതി

കൊടിയേറ്റം കഴിഞ്ഞ് പൂക്കാട്ടിക്കര കാരമുക്ക് ക്ഷേത്രത്തിലേക്ക്. തുടര്‍ന്ന് പൂരം കൊടിയേറി നാലാം നാള്‍ തട്ടകത്തില്‍ പറയെടുപ്പ്.പൂരനാള്‍ അഞ്ചാനകളുമായി  നാദസരവും പഞ്ചവാദ്യവു അകമ്പടിയായി നടുവിലാലിലേക്ക്. ഒന്‍പത് ആനകളുടെ അകമ്പടിയോടെ പാണ്ടിമേളം.പൂരപ്പിറ്റേന്ന്  കൊടിക്കല്‍പൂരം പൂരത്തോടെ സമാപനം.

ചെമ്പൂക്കാവ് ഭഗവതി

ആറാട്ട്,ശീവേലി എന്നിവ ദിവസേനയുണ്ടാകും. അയ്യന്തോള്‍ ക്ഷേത്രം സന്ദര്‍ശിച്ച് പൂരത്തലേന്ന് നാട്ടില്‍ പറയപ്പെടുപ്പ്.പൂരനാള്‍ മൂന്നാനയും നാദസരവും പഞ്ചവാദ്യവുമായി എഴുന്നള്ളിപ്പ്. പാലസ് റോഡ് വഴി കിഴക്കേ നട വഴി വടക്കുന്നാഥനില്‍ പ്രവേശിക്കും.

കണിമംഗലം ശാസ്താവ്

പൂരനാള്‍ മൂന്നാനകളും നാദസരവും നടപാണ്ടിയുമായി പുലര്‍ച്ചെ നാല് മണിക്കാണ് കണിമംഗലം ശാസ്താവ് പുറപ്പെടുക. കുളശേരി അമ്പലത്തില്‍ വെച്ച് തുടങ്ങുന്ന 100 ഓളം പേരുടെ പാണ്ടിമേളമാണ് അവിസ്മരണീയ ചടങ്ങ്. മണികണ്ഠനാലില്‍ വെച്ച് 14 ആനകളുടെ അകമ്പടിയോടെയാണ് വടക്കുന്നാഥ ക്ഷേത്രത്തിലത്തെുക.

കാരമുക്ക് ഭഗവതി

ആറാട്ട്,ശീവേലി ദിവസേന നടക്കും.പറയെടുപ്പ് കഴിഞ്ഞ് പൂരനാള്‍ നടപ്പാണ്ടിയുടെ അകമ്പടിയോടെ ഒരാനയുടെ അകമ്പടിയോടെ എഴുന്നള്ളത്ത്.കുളശേരി അമ്പലത്തില്‍ ഇറക്കിപ്പ. മൂന്നാനയും പഞ്ചവാദ്യവുമായി മണികണ്ഠനാലില്‍. ആറ് ആനകൂടി ചേര്‍ന്ന് ഒമ്പതാനകളുമായി പാണ്ടിമേളത്തോടെ വടക്കുന്നാഥനിലേക്ക്.

ചൂരക്കോട്ടുകാവ് ശ്രീ ദുര്‍ഗാ ക്ഷേത്രം.

പൂര സമാപമായകൊടിക്കല്‍പൂരം വരെ ആറാട്ടാണ്. രാത്രി ബാലെ,നൃത്തനൃത്യങ്ങള്‍,നാടകം,സാംസ്കാരിക പരിപാടികള്‍ നടന്നുവരുന്നു. രാവിലെ ആറരക്ക് നാദസരം, പാണ്ടിമേളത്തോടെ പൂരനാള്‍ എഴുന്നള്ളത്ത്.നടുവിലാല്‍ പന്തലില്‍ നിന്ന് പതിനാല് ആനകളുംൂ നൂറോളം വാദ്യക്കാരുമായി മേളം.കൊടിക്കല്‍പൂരത്തോടെ സമാപനം.

പനമുക്കം പള്ളി

 2500ഓളം വര്‍ഷം പഴക്കമുള്ള ക്ഷേത്രമാണിത്. ബാലെ, നൃത്തനൃത്യങ്ങള്‍ തുടങ്ങീ കലാപരിപാടികളോടുകൂടിയാണ് പൂരാഘോഷം.തൃശൂര്‍ പൂരത്തിന് രാവിലെ മൂന്നാനകളും പഞ്ചവാദ്യവും നാദസ്വരവുമായി കിഴക്കേകോട്ടവഴി പാറമേക്കാവിലത്തെും. പിന്നെ വടക്കുംനാഥന്‍്റെ കിഴക്കേ ഗോപുരം വഴി കടന്നു് തെക്കേ ഗോപുരം വഴി പുറത്തുകടക്കും.

നെയ്തലക്കാവ് ഭഗവതി ക്ഷേത്രം

കുറ്റൂര്‍ നെയ്തലക്കാവ് അമ്മയുടെ തട്ടകമാണ്. പൂരത്തലേന്ന് അടഞ്ഞുകിടക്കുന്ന തെക്കേ ഗോപുരം തുറക്കാനുള്ള അധികാരി കൂടിയാണ് ഈ ക്ഷേത്രം.
 ശക്തന്‍ തമ്പുരാന്‍ കൊട്ടാരത്തിന് ക്ഷേത്രവുമായി  അടുത്ത ബന്ധമായിരുന്നു.വ്യാഴാഴ്ചയാണ് നെയ്തലക്കാവ് ഭഗവതി അയ്യന്തോള്‍ ക്ഷേത്രത്തില്‍ എഴുന്നള്ളുന്ന ചടങ്ങ് നടക്കുക.തിരിച്ചുവന്നാണ് ദേശപ്പറ സ്വീകരിക്കുക.

മുറതെറ്റാതെ ആചാരങ്ങള്‍


ആറാട്ട്,ശീവേലി,പറയെടുപ്പ് .... ആചാരപ്രധാനമാണ് ഘടകപൂരങ്ങള്‍ക്ക് പൂരം വരെയുള്ള നാളുകള്‍.ഒന്നോ രണ്ടോ ഇടത്തുമാത്രമാണ് ആഘോഷങ്ങള്‍ നടക്കുന്നത് . ചെറുക്ഷേത്രങ്ങള്‍ ആയതിനാല്‍ ശക്തന്‍ തമ്പുരാന്‍ അനുവദിച്ച ധനസഹായം ഇപ്പോഴും ദേവസ്വം ബോര്‍ഡ്,തിരുവമ്പാടി, പാറമേക്കാവ് എന്നിവ വഴി ലഭിക്കുന്നു. നാട്ടുകാരുടെ ക്ഷേത്ര ക്ഷേമസമിതികള്‍ക്കാണ് പൂരം നടത്തിപ്പ് ചുമതല. കൊച്ചിന്‍ദേവസ്വം ബോര്‍ഡിന്‍െറ സഹായത്തിന് പുറമെ നാട്ടുകാരുടെ പിരിച്ചെടുക്കുന്ന തുകയിലാണ് പൂരപ്പൊലിമ കൂട്ടല്‍ നടക്കുന്നത്. പാറമേക്കാവ്,തിരുവമ്പാടി ക്ഷേത്രങ്ങളില്‍ നിന്ന് ആന,ആനച്ചമയം എന്നിവ സൗജന്യമായി നല്‍കും.മേളക്കാര്‍ ആനപ്പുറക്കാര്‍ എന്നിവ സൗജന്യ നിരക്കിലും നല്‍കും. എങ്കിലും ചിലവ് പരിഗണിക്കുമ്പോള്‍ അനുവദിക്കുന്ന ആനുകൂല്യം മതിയാകുന്നില്ളെന്ന പരാതിയുമുയരുന്നു.


പി.പി.പ്രശാന്ത്